Friday, February 15, 2008

കത്ത്. 25.01.2003

ഠോ..! വെടിയൊച്ച അന്തരീക്ഷത്തെ നടുക്കി.
കൂടെയൊരു നായിന്‍റെ മോങ്ങലും; അതിന്‍റെ ഒടുവിലത്തെ.
കൂടെ നിന്ന നായ്ക്കള്‍ ഓടി രക്ഷപെടാന്‍ പാടുപെടുന്നു..
ഓടിയകന്ന ആ വെളുത്ത നായ എതിരെവന്ന ലോറിയുടെ
കനത്ത ചക്രങ്ങള്‍ക്കിടയില്‍പെട്ട് ചത്തു.

ഒരു പട്ടി ചത്തു..!

ആര്‍ക്കു ചേതം. എനിക്കോ അതോ നിനക്കോ..?
ചത്ത ആ പട്ടിക്കുപോലുമുണ്ടോ അതിന്‍റെ നഷ്ടം
ഇത്രയൊക്കെയുള്ളൂ നമ്മുടേ അവസ്ഥയും.
രണ്ടുനാ‍ള്‍ സ്മരിക്കും, മൂന്നാം നാള്‍ പഴയ ദിനചര്യയുടെ പാളങ്ങളിലേറി-
പാഞ്ഞുപോകുന്ന നീണ്ട തീവണ്ടീയാകുന്നൂ ജീവിതം.
ജീവിതം, വ്യര്‍ഥതയുടെ പര്യാ‍യമാണ് പലപ്പോഴും.
മനുഷ്യ ജീവിതം ദൈവത്തിന്‍റെ ദാനമാണുപോലും.
മൂല്യത അതിന്‍റെ വ്യര്‍ഥതകൂട്ടുന്നു.
ഇവിടെ മനുഷ്യനും പട്ടിയും തമ്മില്‍ ഒന്നേയുള്ളൂ വ്യത്യാസം
പട്ടിക്ക് യൂണിഫോമില്ല (എത്ര നന്നാണ്, അലക്കണ്ട,തേക്കേണ്ട,
അതിനായ് ശിക്ഷ വാങ്ങേണ്ടാ..)
* * *
നാളെ ജനുവരി 26 ആകുന്നു; റിപ്പബ്ലിക് ദിനം..
ഇവിടെ നിന്നുമൊരു പറ്റം ആളുകള്‍ പോയിട്ടുണ്ട് അതില്‍ പങ്കു കൊള്ളാന്‍-പരേഡില്‍.
ഭാഗ്യമുണ്ടെങ്കില്‍ അടുത്തകൊല്ലം ഇതേ സമയത്ത്
ഞാനടങ്ങുന്ന പറ്റവും ഒരു പക്ഷേ പോയെന്നുവരും...
എങ്കില്‍ അതൊരു നല്ല കാര്യം തന്നെ..
പല‍പ്പോഴും സ്മരിക്കാന്‍ മറന്നുപോകുന്ന ഭാ‍രതത്തെ ഇങ്ങനെയൊക്കെയെങ്കിലും സ്മരിക്കട്ടെ.

സ്മരണ കുമ്പസാരമാണ്.
സ്മരിക്കാതെ നിര്‍ത്തട്ടേ...
സ്വന്തം സ്നേഹിതന്‍

No comments: