Thursday, May 15, 2008

അപ്പു

രൂപകിനന്‍റെ വര..

ചേച്ചി..

രൂപകിന്‍റെ വര..

കണ്ണ്..

രൂപകിന്‍റെ വര..

കൈ..

രൂപകിന്‍റെ വര..

ചിലന്തി..

രൂപകിന്‍റെ വര..

മുഖം..

രൂപകിന്‍റെ വര

സുബ്ബലക്ഷ്മി..

രൂപകിന്‍റെ വര

പെണ്‍കുട്ടി.

രൂപക്കിന്‍റെ വര

Tuesday, April 29, 2008

കത്ത്3- ജയ്സാല്‍മീര്‍

പ്രിയപ്പെട്ട ചേച്ചീ,

ഇത്രയും നാള്‍ ഇവിടെ കഴിഞ്ഞൂകൂടിയത് ഗൃഹാതുരതയുടെ നിറവിലായിരുന്നു.
ഓരോ ദിവസം കഴിയുന്തോറും അതിന്‍റെ സാന്ദ്രത കുറഞ്ഞ് വരുന്നു.
കഴിഞ്ഞകാലത്തെ സ്വപ്നം കണ്ട് കഴിയുക ഒരു ‘മണ്ടന്‍‍ ആശയ’മാണ്.
ചിലപ്പോള്‍ മണ്ടനായിരിക്കാനാണ് ഇഷ്ടം.
ഇവിടെ കാണുന്നതിനും കേള്‍ക്കുന്നതിനും അറിയുന്നതിനും സമാന്തരമായ്
ഒന്ന് അവിടെയുണ്ടായിരുന്നു.
പക്ഷേ അവിടെ കണ്ടതിനും കേട്ടതിനും അറിഞ്ഞതിനും സമാന്തരമായ് ഇവിടെ ഒന്നുമില്ല.
തികച്ചും ശൂന്യം.
വെറുതെയിരിക്കുന്ന നേരത്ത് വല്ലതും വരയ്ക്കാമെന്ന് വച്ചാല്‍ ഇവിടേ ക്യാന്‍വാസ് കിട്ടില്ല,
പെയിന്‍റ് കിട്ടില്ല. ദരിദ്രമാണിവിടം.

**********************
ആദ്യം അതൊരോര്‍മ മാത്രമായിരുന്നു..
ഓര്‍മ്മകള്‍ക്ക് നമ്മെ വേദനിപ്പിക്കാനും
വേദനകള്‍ക്ക് ചിന്തിപ്പിക്കാനും
ചിന്തകള്‍ക്ക് ചിരിപ്പിക്കാനും
കഴിയുമെന്ന് ഞാനറിഞ്ഞൂ
അതുകൊണ്ടാ‍കും ഒരുപാട് ചിരിക്കുമ്പോഴും
കണ്ണീര്‍ വരുന്നത്

സ്നേഹത്തോടെ
രൂപക്.

കത്ത്2 - ജയ്സാല്‍മീര്‍

പ്രിയപ്പെട്ട ചേച്ചീ,

ഇവിടെയെത്തിയപ്പോള്‍ ഒരിക്കല്‍ക്കൂടി
പറിച്ചുനടപ്പെട്ട ജീവിതത്തിന്‍റെ വേദനയറിഞ്ഞു.
ജീവിതം പറിച്ചു നടപ്പെടുമ്പോ ഒന്നുകില്‍ നാം ദുര്‍ബലരായിപ്പോകും.
അല്ലെങ്കില്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരും.
നമ്മെ മനസിലാക്കുന്നവര്‍ക്കൊപ്പം ജീവിക്കുകയെന്നത്
എത്ര സന്തോഷമുള്ള കാര്യമാണ്;
ആര്‍ക്കും ആരെയും പൂര്‍ണ്ണമായി മനസിലാക്കാന്‍ കഴിയില്ലെങ്കില്‍ തന്നെ !
ആ അപൂര്‍ണതയിലെ പൂര്‍ണത എന്നൊന്നുണ്ടല്ലോ;
സംഗീതം അതിന്‍റെ നിശ്ശബ്ദമായ ഇടവേളാകളീലാണ്-
തീവ്ര(പൂര്‍ണ)മാകുന്നത് എന്നപോലെ..
അടുക്കുകയും
അകലുകയും
വീണ്ടും
അകലാനായ് അടുക്കുകയും..
ഒക്കെ ആലോചിക്കുമ്പോള്‍ എന്തിനുവേണ്ടി..?
ഉത്തരം തേടാനാകാത്ത ആ സന്നിഗ്ദ്ധത ഒരു തിരിച്ചറിവില്‍ കൊണ്ടെത്തിക്കുന്നു,
ഇതൊക്കെയാവാം ജീവിതം എന്നു പറയുന്നത്.
വിശേഷങ്ങളൊന്നുമില്ല.
ഓരോ ദിവസവും ഇന്നലെകളുടെ ആവര്‍ത്തനം മാത്രമായ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു.
ഒന്നും ബാക്കിവയ്ക്കാതെ, ജീവിതം നിരര്‍ത്ഥകമായ് ലക്ഷ്യ്മില്ലാതെ പൊയ്ക്കൊണ്ടിക്കുന്നു.
വരയ്ക്കുന്ന ചിത്രങ്ങളില്‍ അനുപാതം തെറ്റിയ കൈകാലുകള്‍.
ഇങ്ങനെയൊരു ജന്മം നല്‍കിയതില്‍ പരിഭവമില്ലാതെ അവരെന്നെ തുറിച്ചുനോക്കുന്നു.

ഇവിടുത്തെ കാറ്റ്
വെയില്‍പ്പരലുകള്‍
മഴ
എല്ലാം എനിക്കപരിചിതമാകുന്നു.

സ്നേഹപൂര്‍വം
രൂപക്.

കത്ത് - ജയ്സാല്‍മീര്‍

പ്രിയപ്പെട്ട ചേച്ചീ,
ഓരോ അവധിക്കാലവും ഓര്‍മപ്പെടുത്തുന്നത്
അടുത്ത അവധിക്കാലങ്ങളോളം ആണ്.
അവധി കഴിഞ്ഞ് പോകുന്നെങ്കില്‍ ഇങ്ങനെയാകണം;
മറ്റുള്ളതിനെക്കുറിച്ചൊന്നും ഓര്‍മിക്കാന്‍ ഇടനല്‍കാതെ,
നമുക്കിഷ്ട്മുള്ളവരോടൊപ്പം മനസു നിറഞ്ഞ്...
എല്ലാം വേഗത്തില്‍ കഴിഞ്ഞു.
തിരിച്ചുപോയാലോ എന്നാലോചിച്ചു.
എന്തായാലും ഈ യാത്ര അനിവാര്യമാണ്
അത് മാറ്റിവയ്ക്കാന്‍ കഴിയും, വേണ്ടെന്ന് വയ്ക്കാന്‍ കഴിയില്ല
ഈ വേദന എപ്പോഴാണെങ്കിലും ഉണ്ടാവേണ്ടതുതന്നെ !
എത്രയും പെട്ടെന്ന് അതിനെ സ്വീകരിക്കുന്നുവോ
അത്രയും നേരത്തേ അതില്‍ നിന്ന് വിടുതലുമാകാം.

കാത്തിരുന്ന നിമിഷങ്ങള്‍,
അവ കയ്യെത്തും ദൂരത്തെത്തുമ്പോള്‍ മനസ്സ് ദുര്‍ബലമാകും
കയ്യിലെ‍ത്തുമ്പോള്‍ ഒരു കുഞ്ഞു മഞ്ഞുതുള്ളിയോളം..
തൊട്ടാല്‍ അലിഞ്ഞലിഞ്ഞ് പോകും,
തൊട്ടില്ലെങ്കില്‍ അറിയാതെയും പോകും...

വെറുതെ ഓര്‍ക്കാം.
അത്രമാത്രം..!
സ്നേഹത്തോടെ
രൂപക്.

Thursday, February 28, 2008

ഈ കൂട്ടങ്ങള്‍ക്കിടയിലെവിടെ നീ....??

രൂപക്കിന്‍റെ വര - 5
രൂപക്കിന്‍റെ വര - 4
രൂപക്കിന്‍റെ വര - 3
രൂപക്കിന്‍റെ വര - 2


രൂപക്കിന്‍റെ വര..

Saturday, February 23, 2008

നഷ്ടപ്പെട്ട സ്വപ്നങ്ങള്‍..

താഴെ ജലനിരപ്പ് ശാന്തമായിരുന്നു; മനസ്സും.
എന്തെന്നറിയില്ല, മനസെപ്പോഴും ചഞ്ചലമായിരുന്നു.
പാടത്ത് ഹരിതാഭ ചാര്‍ത്തിക്കിടക്കുന്ന നെല്ലോലകള്‍ പോലെയാകണം മനസ്സ്.
സമൃദ്ധമായ മനസ്സ്..
ശാന്തമായ മനസ്സ്..
ഇപ്പോഴിതാ ജലപ്പരപ്പ് പോലെ.
ഒരു മഴത്തുള്ളിക്കു പോലും ഏറെ തരംഗം സൃഷ്ടിക്കാം.

പിന്നെയും ആ പഴയ കാലത്തിലേക്ക് ഓര്‍മ്മകള്‍ അശ്വങ്ങളായ് വന്ന് വലിക്കുന്നൂ
ഞാനിപ്പോഴും ഇവിടെത്തന്നെ, പക്ഷേ മനസ്സ് അവിടെയാണ്.
രാത്രികാലങ്ങളില്‍ ഉറക്കവും നഷ്ടപ്പെടുന്നൂ.
കാലത്തിനൊപ്പം ഒഴുകനാവാതെ വഴിയില്‍ തങ്ങിയ ചങ്ങാടം പോലെ.
ഇപ്പോള്‍ ഞാ‍ാന്‍ സഞ്ചരിച്ച കാലം വളരെയേറെ മുന്നേറിക്കഴിഞ്ഞു
അവ ഇന്നെനിക്ക് അപ്രാപ്യമാണ്..

Friday, February 22, 2008

ഒരു സായാഹ്നം...

അങ്ങനെ ആദ്യമായി ഞാനെന്‍റെ പിന്നിലേക്ക് തിരിഞ്ഞുനോക്കി.
വിശാലമായ വയല്‍. നെല്‍ക്കതിരുകളില്‍ നറും പാലൂറി നില്‍ക്കുന്നു..
പാ‍ടങ്ങളുടെ അതിര്‍ത്തി മുറിയുന്നിടത്ത് സമ്പന്നമായി നില്‍ക്കുന്ന റബ്ബറിന്‍ തോട്ടങ്ങള്‍.
ഇതൊരു ഫെബ്രുവരിയാണ്. റബ്ബറിന്‍പൂക്കളുടെ മണം നെല്‍ക്കതിരുകളിലെ
ഈറന്മണത്തെ തോല്‍പ്പിച്ചുകൊണ്ട് കാറ്റിലൂടൊഴുകുന്നു..
ഒരു അസ്തമയത്തിന്‍റെ തളര്‍ച്ചയില്‍ സൂര്യന്‍ മരങ്ങള്‍ക്കിടയിലൂടെ താഴേക്ക് നിപതിക്കുന്നു.
കിളികള്‍ ചേക്കേറാനായി കലപിലകൂട്ടിപ്പറക്കുന്നു,
ദൂരെയെവിടെയോനിന്നും ഒരു കുയില്‍ വിഷാദ മധുരമായ് പാടുന്നു;
ഒപ്പം ഏതോ കുട്ടിയുടെ ഏറ്റുപാടലും.

അങ്ങനെ ഞാ‍നാദ്യമായ് ഞാനെന്‍റെ പിന്നിലേക്ക് തിരിഞ്ഞുനോക്കി
വഴിനീളെ ഞാനെന്തൊക്കെയോ ആലോചിക്കുകയായിരുന്നു..
ചിന്തകള്‍ ചുരുള്‍ നിവര്‍ന്ന് വരമ്പുകളായ് കിടക്കുന്നു. ചിന്തകള്‍ക്കെത്ര നീളം...!
ഓരോ നിമിഷവും ചിന്തകളില്‍നിന്നും, ഒപ്പം, ഇരുവശത്തുനിന്നും മത്സരിച്ച് വെട്ടി വീതികുറച്ച വരമ്പില്‍ നിന്നും വഴുതിവീഴാതിരിക്കാന്‍ ഞാന്‍ നന്നേ ക്ലേശിക്കേണ്ടിവന്നൂ
മനോഹരമായ ഒരു സായാഹ്നം ഞാന്‍ എന്നിലേക്കുനോക്കുമ്പോള്‍ എനിക്ക് നഷ്ടമാകുന്നു
(എന്നിലേക്ക് നോക്കുകയെന്നാല്‍ ഇന്നലെകളിലേക്ക് നോക്കുകയെന്നല്ലേ !)
ആര്‍ക്കാണ് തന്‍റെയുള്ളിലേക്ക് നോക്കാതിരിക്കാന്‍ കഴിയുക..
ഞാന്‍ ഇന്നലെകളെ മറക്കാന്‍ ആഗ്രഹിക്കുന്നു, നല്ലൊരു നാ‍ളേക്കുവേണ്ടി..

Friday, February 15, 2008

കത്ത്. 25.01.2003

ഠോ..! വെടിയൊച്ച അന്തരീക്ഷത്തെ നടുക്കി.
കൂടെയൊരു നായിന്‍റെ മോങ്ങലും; അതിന്‍റെ ഒടുവിലത്തെ.
കൂടെ നിന്ന നായ്ക്കള്‍ ഓടി രക്ഷപെടാന്‍ പാടുപെടുന്നു..
ഓടിയകന്ന ആ വെളുത്ത നായ എതിരെവന്ന ലോറിയുടെ
കനത്ത ചക്രങ്ങള്‍ക്കിടയില്‍പെട്ട് ചത്തു.

ഒരു പട്ടി ചത്തു..!

ആര്‍ക്കു ചേതം. എനിക്കോ അതോ നിനക്കോ..?
ചത്ത ആ പട്ടിക്കുപോലുമുണ്ടോ അതിന്‍റെ നഷ്ടം
ഇത്രയൊക്കെയുള്ളൂ നമ്മുടേ അവസ്ഥയും.
രണ്ടുനാ‍ള്‍ സ്മരിക്കും, മൂന്നാം നാള്‍ പഴയ ദിനചര്യയുടെ പാളങ്ങളിലേറി-
പാഞ്ഞുപോകുന്ന നീണ്ട തീവണ്ടീയാകുന്നൂ ജീവിതം.
ജീവിതം, വ്യര്‍ഥതയുടെ പര്യാ‍യമാണ് പലപ്പോഴും.
മനുഷ്യ ജീവിതം ദൈവത്തിന്‍റെ ദാനമാണുപോലും.
മൂല്യത അതിന്‍റെ വ്യര്‍ഥതകൂട്ടുന്നു.
ഇവിടെ മനുഷ്യനും പട്ടിയും തമ്മില്‍ ഒന്നേയുള്ളൂ വ്യത്യാസം
പട്ടിക്ക് യൂണിഫോമില്ല (എത്ര നന്നാണ്, അലക്കണ്ട,തേക്കേണ്ട,
അതിനായ് ശിക്ഷ വാങ്ങേണ്ടാ..)
* * *
നാളെ ജനുവരി 26 ആകുന്നു; റിപ്പബ്ലിക് ദിനം..
ഇവിടെ നിന്നുമൊരു പറ്റം ആളുകള്‍ പോയിട്ടുണ്ട് അതില്‍ പങ്കു കൊള്ളാന്‍-പരേഡില്‍.
ഭാഗ്യമുണ്ടെങ്കില്‍ അടുത്തകൊല്ലം ഇതേ സമയത്ത്
ഞാനടങ്ങുന്ന പറ്റവും ഒരു പക്ഷേ പോയെന്നുവരും...
എങ്കില്‍ അതൊരു നല്ല കാര്യം തന്നെ..
പല‍പ്പോഴും സ്മരിക്കാന്‍ മറന്നുപോകുന്ന ഭാ‍രതത്തെ ഇങ്ങനെയൊക്കെയെങ്കിലും സ്മരിക്കട്ടെ.

സ്മരണ കുമ്പസാരമാണ്.
സ്മരിക്കാതെ നിര്‍ത്തട്ടേ...
സ്വന്തം സ്നേഹിതന്‍

Sunday, February 3, 2008

നിലനില്പും ജീവിതവും

സുഹൃത്തേ,
ഇവിടെ ഞാ‍ന്‍ നിലനില്‍ക്കുകകൂടിയല്ല,
അതിജീവിക്കുകയാണ് ഓരോ ദിവസവും..
അറിവില്ലായ്മയുടെ ആസുരതയില്‍ തോറ്റുകൊണ്ടിരിക്കുകയാണ് .
ഒന്നോര്‍ത്താല്‍ തോല്‍വി എന്നും ജീവിക്കുന്നവന്‍റെ ഒപ്പമായിരിക്കും.
കാലക്രമത്തില്‍ മാറുന്നതാകണം ജീവിത വീക്ഷണം
ജീവിതവീക്ഷണം എന്ന മിഥ്യയില്‍ കടിച്ചുതൂങ്ങി,
ചില മുന്‍ധാരണാകള്‍ മാത്രമായിരിക്കുന്നു ഇന്ന് ജീവിതമൂല്യങ്ങള്‍.
അവയെ ശരിയായി കണ്ടെത്തപ്പെടുന്നില്ല.
കണ്ടെത്തപ്പെടുന്നവതന്നെ അറിവില്ലായ്മയുടെ വേലിയേറ്റത്തില്‍
മാഞ്ഞുപോവുകയും ചെയ്യുന്നു.
ഒന്നിനും ഒരിക്കലും മാറ്റമില്ലായെന്ന ധാരണതന്നെ
തിരുത്തിയെഴുതപ്പെടേണ്ടത് ഇന്നിന്‍റെ അനിവാര്യതകളില്‍ ഒന്നാണ്.
ശബ്ദകോലാഹലങ്ങളില്‍ നഷ്ടപ്പെടുന്നത് മനസ്സിന്‍റെ സംഗീതമാണ്..
അതാണ് നിശ്ശബ്ദത...
നിശ്ശബ്ദതയും വിദ്യയും ആനുപാതികമാണ്.
അറിഞ്ഞവനും അറിവില്ലാത്തവനും നിശ്ശബ്ദനായിരിക്കും
കുറച്ചുമാത്രം അറിഞ്ഞവന്‍ അത് പാടിക്കൊണ്ട് നടക്കും,
അത് പലര്‍ക്കും അറിയാമെന്നതാണെങ്കില്‍ക്കൂടി;
മറ്റുള്ളവര്‍ക്കും അങ്ങനെതന്നെയെന്ന മിഥ്യാധാരണയില്‍..

Friday, February 1, 2008

കത്ത് (13.08.04)

ദിവസങ്ങള്‍ അടുക്കുന്നതോടെ ഈ മണ്ണിനോടുള്ള
എന്‍റെ അടുപ്പവും വര്‍ദ്ധിക്കുകയാണ്..
ഇവിടെ, രക്തത്തിന്‍റെ മണമുള്ള ബന്ധങ്ങള്‍
രക്തത്തെ മറക്കുന്ന ബന്ധങ്ങള്‍
ആത്മാവിന്‍റെ ഒരു കോണില്‍ എനിക്കിത്തിരി
അഭയം തന്നവര്‍..
അവരെ ഞാന്‍ മറക്കാമോ..?

ഭ്രമണം തെറ്റിച്ചഭൂഗോളം പോലെ ..
ഈ ഞാന്‍ എവിടെ ?
എന്‍റെ ഭ്രമണപഥം എവിടെ ?
ഇവിടുത്തെ കാറ്റില്‍,
മഴയില്‍,
വേനലില്‍ ഭ്രമിച്ചുപോയവന്
മഴ അന്യം നിന്ന ഒരോര്‍മ മാത്രമാണ്
എന്‍റെ യൌവ്വനം മഴയില്ലാത്ത നാളുകളിലൂടെ
കടന്നു പോകുന്നു
അപ്പോള്‍ ഞാന്‍ മഴയെ അറിയുന്നൂ, ശക്തമായി..

ഈ മണ്ണിലിരുന്നല്ലാതെ
താന്‍സന് പാടാന്‍ കഴിയുമോ മേഘമല്‍ഹാര്‍.
ഒരു സ്വപ്നത്തിന്‍റെ സക്ഷാത്കാരം
ഇതിലും നന്നായി പ്രതിഫലിപ്പിക്കാനാകുമോ..?

Wednesday, January 23, 2008

കത്ത് (04.11.2002)

ഇന്ന് ദീപാവലിനാള്‍
സുഹൃത്തേ,
ഞാനെന്നെ ആകെയൊന്ന് വിശകലനം ചെയ്തു;
എന്‍റെ ദൌര്‍ബല്യങ്ങള്‍, ഒക്കെയും..
എന്നിട്ടും നീ സുഹൃത്തേ
നിനക്കെങ്ങനെ എന്നോടിങ്ങനെ പെരുമാറാന്‍ കഴിയുന്നൂ.
ആരും സ്നേഹിക്കാതിരുന്നെങ്കില്‍
എനിക്ക് ആത്മഹത്യചെയ്യാമായിരുന്നു.
എന്‍റെ വരികളില്‍ തീവ്രത ഒരു പക്ഷേ കാണാന്‍ കഴിഞ്ഞില്ലെങ്കിലും
സുഹൃത്തേ എന്‍റെയുള്ളിലെ തീവ്രത ഞാനെങ്ങനെ പ്രകടമാക്കും
എനിക്കും നിനക്കുമിടയില്‍ ഈ അക്ഷര‍ങ്ങളല്ലേയുള്ളൂ..
പാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്‍റെ ദു:ഖം ഞാന്‍ പാടിത്തീര്‍ക്കുമാ‍യിരുന്നു
എന്താണെന്‍റെ ദു:ഖമെന്ന് നീ ചോദിച്ചേക്കാം
അതെന്താണെന്നറിയില്ല, അതാണെന്‍റെ ദു:ഖം..
ഭ്രാന്തമാണ് ചിലപ്പോള്‍ ചിന്തകള്‍
പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഞാനെന്നെത്തന്നെ വെറുക്കുന്നു.
പുസ്തകങ്ങളുടെ പേജിലോ, വരികള്‍ക്കിടയിലോ
സ്വരങ്ങള്‍ക്കിടയിലോ, മൌനത്തിലോ
വരകള്‍ക്കിടയിലോ, വര്‍ണ്ണങ്ങള്‍ക്കുള്ളിലോ ഞാന്‍ ഒളിക്കാന്‍ ശ്രമിക്കുന്നു..
നിന്നോട് സംസാരിക്കുമ്പോള്‍ നമുക്കിടയിലെ ദൂരം ഞാന്‍
മറക്കുന്നു; ഒരു ഒളിച്ചോട്ടമാണ്.
എന്നാല്‍ അതിനു ശേഷം ഞാന്‍ വിങ്ങുകയാണ്.

തണുപ്പാണ് വരുന്നത്
വികാരങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും തണുപ്പ് ബാധിച്ചാല്‍
നമുക്കൊരു സന്യാസിയാകാമോ....?

കത്ത് (30.11.99)

സുഹൃത്തേ,
പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ പാടുന്നത് മരണത്തേക്കുറിച്ചാണ്.
ഞാന്‍ പാടണമെന്ന് നിരീച്ച അതേ വരികളല്ലെങ്കിലും അര്‍ഥം അതുതന്നെയായിരുന്നു.
അന്നത്തെ നിങ്ങളുടെ യാത്രയില്‍ എനിക്ക് പറ്റിയ വേഷമൊന്നുമില്ലെന്ന്
യാത്ര കഴിഞ്ഞ് നിന്നോട് ഞാന്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ എനിക്ക് തോന്നുകയാണ്, ആ യാത്രയില്‍ മാത്രമല്ല,
എങ്ങും എവിടെയും എനിക്കൊരു വേഷമില്ലെന്ന്...
എനിക്കെന്നും പകരക്കാരനാകാനാണ് നിയോഗം... നിന്‍റെയടുത്തുപോലും..

പാ‍ടിയത് ജീവിതം കൊണ്ട് ഏറ്റുപാടുന്നതിലും നല്ലത്
മരണം കൊണ്ട് ഏറ്റുപാടുന്നതാണ്..
അതിനാല്‍ തല്‍കാലം ഞാന്‍ പാട്ട് നിര്‍ത്തുന്നു;
ഒരു പുതിയ പാട്ട് എന്‍റേതു മാത്രമാകുംവരെ...

കത്ത് (20.05.2001)

വാക്കുകള്‍ നഷ്ടപ്പെട്ട എഴുത്തുകാരന്‍റെ വിരല്‍
ചിതലരിച്ചു.
മുലയും,
പൊക്കിളും,
നാഭിച്ചുഴിയും
ഹൃദയതാളങ്ങള്‍ക്ക് ധൃതി കൂട്ടുമ്പോള്‍
വാക്കുകള്‍ അധികപറ്റായിരുന്നു.
ആദ്യവേഴ്ചയിലൂടകന്ന
അനല്പമാ‍യ അനുഭൂതി..
ശേഷം, അവനവന്‍റെ
നഷ്ടങ്ങളിലേക്ക് തിരികെപ്പോയി.

വക്കുകള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നില്ല.
നഷ്ടപ്പെട്ടത് അവനെത്രയും പ്രിയപ്പെട്ടവയാ‍യിരുന്നു.
ഹൃദയത്തില്‍ ദു:ഖമൊരു വിലാപമായുറയുമ്പോള്‍
ലോകം ചിരിക്കുകയായിരുന്നു..

Saturday, January 19, 2008

നാട്ടിന്‍പുറത്തെ ശബ്ദങ്ങള്‍

ഒന്ന്
എം.എസ് സുബ്ബലക്ഷ്മിയുടെ സുപ്രഭാതം
കിളികള്‍ ചിലച്ചുതുടങ്ങി
യേശുദാസിന്‍റെ ഭക്തിഗാനം നിലച്ചൂ
അമ്പലത്തില്‍ വെടിയൊച്ചയറിയിച്ചു, ഇന്ന് നിറമാല.

രണ്ട്
കപ്പിയും ആടും കരയുന്നൂ
മുറ്റമടിക്കുന്ന ചൂല്
നാവുവടിക്കുന്ന ഓക്കാനം
പത്രക്കാരന്‍റെ തുടരെത്തുടരെയുള്ള സൈക്കിള്‍ മണിയൊച്ച

മൂന്ന്
അടുക്കളയില്‍, ചിരവ ധൃതിയില്‍ ചലിക്കുന്നു
ഓട്ടിടയിലയുടെ പൊള്ളിക്കരച്ചില്‍
നിറഞ്ഞ വയറിന്‍റെ ഏമ്പക്കം
ചയ തട്ടിമറിഞ്ഞു; രവിലത്തെ തിരക്ക്
പത്രത്തില്‍-
ആത്മഹത്യ ചെയ്ത യുവതി കിണറ്റില്‍ ചാടിയ ശബ്ദം.

നാല്
പടിക്കലെ മണ്റോട്ടില്‍ കിളികളുടെ കലപിലകള്‍
‘തല്ലു’കൊള്ളാതിരിക്കാന്‍ അവരിലൊരാള്‍
കൂട്ടിക്കെട്ടിയ ‘തൊട്ടാവാടി’യുടെ വിലാപം .
പിന്നാലെ മീന്‍കാരന്‍റെ ‘ഓയ്’, അതേറ്റുവിളിക്കുന്ന വികൃതി.
വിലക്കയറ്റത്തിന്‍റെ ആശ്ചര്യം
‘നല്ലമനുഷ്യനായിരുന്നു’ മരണം കേട്ടതിന്‍റെ മറുപടി.
സ്ഥിരം നാട്ടുവര്‍ത്തമാ‍നം.
പത്തിന്‍റെ വണ്ടിയുടെ ഇരപ്പ്,
അതു പിടിക്കാനോ‍ടുന്ന കിതപ്പ്..

അഞ്ച്
തകില്‍, നാദസ്വരം
അമ്പലത്തില്‍ കല്യാണക്കച്ചേരി.
പോസ്റ്റുമാന്‍റെ മണിയൊച്ച; സമയം ഒന്ന്

ആറ്
മഴത്തുള്ളികള്‍ ഓടിന്‍റെ മുതുകില്‍ തട്ടുന്നു
മുറിയിലെ കിടക്കയില്‍ ‍പുസ്തകസഞ്ചി വീഴുന്നു,
മുറ്റത്ത് ഭാരമുള്ള ‘വല്ല’വും
പുല്ലുകണ്‍ട പശു കരയുന്നു; പാല്‍ പത്രം നിറയുന്നു
അറിയിപ്പ്:
“നടയ്ക്കു കെട്ടിയ മൂരിക്കിടാവിന്‍റെ ലേലം എട്ടുമണിക്ക്.”

ഏഴ്
ചെണ്ടകൊട്ടിളകി; നിറമാല
ശംഖുവിളി, വെടിയൊച്ച
ഇരുട്ടിലെ ഇടവഴികളില്‍ ശബ്ദങ്ങള്‍ നടന്നകലുന്നു.
പാഠം ചൊല്ലിപ്പഠിക്കുന്നു
അവസാനത്തെ വണ്ടിയുടെ ഇരമ്പലകന്നുപോയി...

എട്ട്
ഇരുട്ട്; കുറെ കഴിഞ്ഞ് അല്പം നിലാവും
വീണ്ടും തളര്‍ന്ന ഇരുട്ട്..
ഇരുട്ട് മാത്രം...

Saturday, January 5, 2008

അസ്തിത്വ ദു:ഖം

ദൈവമേ...
ഞാനെന്താണ്..
എന്‍റെ നിയോഗമെന്താണ്..
വെറുതെ ജനിച്ചു മരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്..
എന്നില്‍ എന്തെങ്കിലുമൊരു പ്രത്യേക കഴിവ് നീ കണ്ടുവച്ചിട്ടുണ്ടോ..?
അതെനിക്ക് തിരിച്ചറിവായ് നല്കുക.
എന്നെ എത്രയും വേഗം അതില്‍ കൊണ്ടെത്തിക്കുക.
ഒരു കുടുംബം പോറ്റാന്‍ എന്നെക്കൊണ്ടാവില്ല.
എങ്കിലും ഞാന്‍ അതിന്‍റെ പ്രാരംഭം സ്വപ്നം കാണുന്നു..
എന്നെ എന്‍റെ വഴിയിലേക്ക് തിരിച്ചുവിടുക..
ഉള്‍ക്കാഴ്ച നല്‍കുക-
എന്നെ ഞാനായി നിലനിര്‍ത്തിക്കൊള്ളുക.
എന്‍റെ ഭൂതകാലങ്ങളെ ഞാനെന്‍റെ സമ്പത്തായും-
ബലഹീനതയായും കണക്കാക്കുന്നു
നൊസ്റ്റാള്‍ജിയ ഒരു പരിധിവരെ ഒരനുഗ്രഹമാണ്.
പക്ഷേ അതില്‍ത്തന്നെ മരിക്കുകയെന്നാല്‍,
അത്, എന്‍റെ ജീവിതം മുന്‍പോട്ടുപോകുന്നില്ല എന്നാ‍ണ്..
ജീവിതം തളൊ കെട്ടിനില്‍ക്കുന്നകലക്കവെള്ളം പോലെയാകുന്നു...
പുതിയ അറിവുകളില്ല..

എനിക്കെന്നും മനസ്സു നഷ്ടപ്പെട്ട കവിയുടെ വ്യഥ.
ഒഴിയാത്ത വ്യഥകളുടെ ഭാരം പേറുന്ന ഹൃത്ത്...
എന്‍റെ ഹൃത്തിനെ ഞാ‍ന്‍ ഒളിക്കുന്നുവെങ്കിലും
ഒരിക്കലും അതില്‍നിന്നും ഓടിയൊളിക്കാന്‍ കഴിയാറില്ല.
പിടിക്കപ്പെട്ടവന്‍റെ കബളിപ്പിക്കല്‍ വിലപ്പോകില്ല.
സ്വന്തം മനസ്സിനെ പഠിക്കാന്‍ ആര്‍ക്കു കഴിയും...