Friday, February 22, 2008

ഒരു സായാഹ്നം...

അങ്ങനെ ആദ്യമായി ഞാനെന്‍റെ പിന്നിലേക്ക് തിരിഞ്ഞുനോക്കി.
വിശാലമായ വയല്‍. നെല്‍ക്കതിരുകളില്‍ നറും പാലൂറി നില്‍ക്കുന്നു..
പാ‍ടങ്ങളുടെ അതിര്‍ത്തി മുറിയുന്നിടത്ത് സമ്പന്നമായി നില്‍ക്കുന്ന റബ്ബറിന്‍ തോട്ടങ്ങള്‍.
ഇതൊരു ഫെബ്രുവരിയാണ്. റബ്ബറിന്‍പൂക്കളുടെ മണം നെല്‍ക്കതിരുകളിലെ
ഈറന്മണത്തെ തോല്‍പ്പിച്ചുകൊണ്ട് കാറ്റിലൂടൊഴുകുന്നു..
ഒരു അസ്തമയത്തിന്‍റെ തളര്‍ച്ചയില്‍ സൂര്യന്‍ മരങ്ങള്‍ക്കിടയിലൂടെ താഴേക്ക് നിപതിക്കുന്നു.
കിളികള്‍ ചേക്കേറാനായി കലപിലകൂട്ടിപ്പറക്കുന്നു,
ദൂരെയെവിടെയോനിന്നും ഒരു കുയില്‍ വിഷാദ മധുരമായ് പാടുന്നു;
ഒപ്പം ഏതോ കുട്ടിയുടെ ഏറ്റുപാടലും.

അങ്ങനെ ഞാ‍നാദ്യമായ് ഞാനെന്‍റെ പിന്നിലേക്ക് തിരിഞ്ഞുനോക്കി
വഴിനീളെ ഞാനെന്തൊക്കെയോ ആലോചിക്കുകയായിരുന്നു..
ചിന്തകള്‍ ചുരുള്‍ നിവര്‍ന്ന് വരമ്പുകളായ് കിടക്കുന്നു. ചിന്തകള്‍ക്കെത്ര നീളം...!
ഓരോ നിമിഷവും ചിന്തകളില്‍നിന്നും, ഒപ്പം, ഇരുവശത്തുനിന്നും മത്സരിച്ച് വെട്ടി വീതികുറച്ച വരമ്പില്‍ നിന്നും വഴുതിവീഴാതിരിക്കാന്‍ ഞാന്‍ നന്നേ ക്ലേശിക്കേണ്ടിവന്നൂ
മനോഹരമായ ഒരു സായാഹ്നം ഞാന്‍ എന്നിലേക്കുനോക്കുമ്പോള്‍ എനിക്ക് നഷ്ടമാകുന്നു
(എന്നിലേക്ക് നോക്കുകയെന്നാല്‍ ഇന്നലെകളിലേക്ക് നോക്കുകയെന്നല്ലേ !)
ആര്‍ക്കാണ് തന്‍റെയുള്ളിലേക്ക് നോക്കാതിരിക്കാന്‍ കഴിയുക..
ഞാന്‍ ഇന്നലെകളെ മറക്കാന്‍ ആഗ്രഹിക്കുന്നു, നല്ലൊരു നാ‍ളേക്കുവേണ്ടി..

3 comments:

സന്തോഷ്. said...

ചിന്തകള്‍ ചുരുള്‍ നിവര്‍ന്ന് വരമ്പുകളായ് കിടക്കുന്നു. ചിന്തകള്‍ക്കെത്ര നീളം...!
മനോഹരമായ ഒരു സായാഹ്നം ഞാന്‍ എന്നിലേക്കുനോക്കുമ്പോള്‍ എനിക്ക് നഷ്ടമാകുന്നു
(എന്നിലേക്ക് നോക്കുകയെന്നാല്‍ ഇന്നലെകളിലേക്ക് നോക്കുകയെന്നല്ലേ !)

ശ്രീ said...

വളരെ നന്നായിരിയ്ക്കുന്നു

cp aboobacker said...

ഇത്‌ ഹൃദയത്തിന്റെ ഭാഷയാണോ?