Saturday, December 22, 2007

മറക്കുവാന്‍ മൌനങ്ങള്‍ മാത്രം നല്‍കിയ പ്രണയിനിക്ക്....

പ്രണയത്തെക്കുറിച്ച് ഭാവഗീതം പോലെയൊരു കവിതയെഴുതി
എന്‍റെ പ്രണയം പാടാനെനിക്കറിയില്ല.
പ്രണയത്തിന് താജ്മഹല്‍ പോലെയൊരു നിത്യസൌന്ദര്യശില്പ സ്മാരകം
പണിയിക്കുവാന്‍ എനിക്ക് ഷാജഹന്‍റെ ഭാവനയുമില്ല.
ഞാ‍ന്‍, മകന്‍റെ തുറങ്കലില്‍ കിടന്ന് താജ്മഹലിനെ നോക്കിക്കാണുന്ന
ഷാജഹാനേക്കാള്‍ ദരിദ്രനാണ്.
പക്ഷേ ഒന്നു മാത്രം പറയാം-
ഞാന്‍ നിന്നെ പ്രണയിക്കുന്നു.
എന്‍റെ വേദനയിലൂടെ,
തര്‍ന്ന സ്വപ്നങ്ങളിലൂടെ,
നമ്മുടെ മൌനത്തില്‍ തീര്‍ത്ത താ‍ജ്മഹലാണീ പ്രണയം.
നീയല്ലാതെ ഇനിയും മറ്റൊരാളെ ഞാന്‍ പ്രണയിക്കുകയാണെങ്കില്‍-
അത് മരണത്തെ മാത്രമായിരിക്കും.....

Friday, December 14, 2007

ഒരിക്കല്‍ എന്‍റെ സുഹൃത്തെഴുതി.
“നരകമാണിഷ്ടം
കാരണം അവിടെയിരുന്ന് സ്വര്‍ഗ്ഗം സ്വപ്നം കാണാം...”

നമ്മുടെ ഓര്‍മ്മകളില്‍ അവശേഷിച്ചതും
പുതുതായ് വന്നു നിറയുന്നതും തമ്മില്‍
അന്തരമുണ്ടാവാതിരിക്കുക.
എത്ര നന്നായിരിക്കും, മറിച്ചൊരനുഭവത്തിലിരുന്ന് ആലോചിക്കുമ്പോള്‍...
പക്ഷേ, സ്വര്‍ഗ്ഗത്തിലകപ്പെട്ടാല്‍, ഒരാള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചാല്‍-
അയാള്‍ ദുര്‍ബ്ബലനാകും.. ധര്‍മ്മസങ്കടത്തിലാകും..

Thursday, December 13, 2007

ഈ രാത്രി...

അഴുക്കുകള്‍ വഹിക്കുന്ന ഓടയുടെ അരികു ചേര്‍ന്ന്
ഞങ്ങള്‍ നടന്നു
ദൂരേക്ക്....
വളരെ ദൂരേക്ക്...
അവിടെ, സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുന്നു.
ഇരുട്ട് കയ്യടക്കിയ ഇടവഴികളില്‍
റബ്ബറിന്‍ പൂവിന്‍റെ മണമുണ്ടായിരുന്നു.
ഈ രാവ് പുലരാതിരിക്കട്ടെ...
ഈ രാത്രിയെ നമുക്ക്
വാക്കുകള്‍ കൊണ്ട് അണകെട്ടി നിര്‍ത്താം..

ആകാശത്തിന്‍റെ ക്യാന്‍വാസ്

നിലാവിന്‍റെ നിഴലുള്ള ആകാശം പോലെ സുതാര്യമായ ക്യാന്‍വാസില്‍ എനിക്ക് ചിത്രമെഴുതണം.
മായ്ക്കാതെ അവയുടെ നിഴല്‍ നീക്കം കൊണ്ടുമാത്രം ആ ചിത്രമെഴുത്ത് തുടര്‍ന്നുകൊണ്ടേയിരിക്കണം, എന്‍റെ കൈയ്യും മനസ്സും ഒപ്പം ചലിക്കും വരെ.
കണ്ടിട്ടില്ലേ ആകാശത്തിന്‍റെ ക്യാന്‍വാസ്..! മേഘങ്ങള്‍ അവയുടെ രൂപമാറ്റം നടത്തുന്നത്!
എത്ര തുടച്ചാലും പാടുകള്‍ അവശേഷിപ്പിക്കാതെ, എത്ര വരച്ചാലും നിറഞ്ഞു തുളുമ്പാതെ തെളിമ നഷ്ട്പ്പെടാത്ത ക്യാന്‍വാസ്!
അതെന്നാണ് സാധ്യമാവുക ?
ആരാലും മായ്ക്കപ്പെടാതെ,
മഴ കൊണ്ടും
മേഘങ്ങള്‍ കൊണ്ടും
വെളിച്ചം കൊണ്ടും
ഇരുട്ടു കൊണ്ടും നിറക്കൂട്ടുകളുണ്ടാക്കുന്ന ആകാശം.
അപ്പോള്‍ എവിടെയാണ് മഴവില്ലുകള്‍ പിറവിയെടുക്കുക...?
ആ ചിത്രത്തെ ആഘോഷിക്കുന്ന മയിലുകള്‍ക്ക് നൃത്തച്ചുവടുകള്‍ ചിട്ടപ്പെടുത്തുന്നത് ഏത് നിമിഷത്തെ പ്രചോദനമാണ്..?

Sunday, December 9, 2007

ഒരു ദിവസത്തിന്‍റെ ഒടുക്കം..

ഇന്നെങ്ങനെ അവസാനിക്കുമെന്ന് എനിക്കറിയില്ല.
ഈ വഴി എന്നെ എവിടെയാണ് എത്തിക്കുന്നതെന്നറിയില്ല..
ഇന്നലെകളുടെ ഒടുക്കമ്പോലെ, ഈ വഴി എന്നെ എത്തിക്കുന്നത് ഒരു വേശ്യാലയത്തിലാകാം.
അല്ലെങ്കില്‍ ഏതെങ്കിലും അമ്പല‍ത്തിലാകാം
പാപിയുടെ നേര്‍ച്ചകേള്‍ക്കാന്‍ തുറന്നുവച്ച പാതിരാപ്പള്ളിയിലാകാം, ഒരു കുരുക്ഷേത്രത്തിലാകാം..
പുഴയുടെ കരയിലാവാം
നിലാവിന്‍റെ ഒത്ത കീഴിലാകാം..
എന്നിരുന്നാലും ഇന്നലത്തെ ഉറക്കത്തിന് ഒരു മരണത്തിന്‍റെ സുഖമുണ്ടായിരുന്നു..
കറുപ്പിന്‍റെ ആഴമുണ്ടായിരുന്നു.

“രാവിലെ ഉണരുമ്പോള്‍ അയാള്‍ ശിശുവാണ്.
ഉച്ചയ്ക്ക് യൌവ്വനവും രാത്രിയില്‍ വാ‍ര്‍ധക്യവും.
ഉറങ്ങുന്നതോടെ ഒരു ദിവസത്തെ ജന്മം മുഴുവന്‍ അയാള്‍ മരിക്കുകയാണ്...
ജന്മങ്ങളങ്ങനെ എത്ര മരിച്ചുകഴിഞ്ഞു അയാള്‍...!“

കൈരേഖകള്‍

കൈരേഖകള്‍-
പരസ്പരം കൂട്ടിമുട്ടാതെ വിറുങ്ങലിച്ചു കിടക്കുന്നു.
വലത്തും ഇടത്തും കൈകളിലെ പാരസ്പര്യം എന്നെ അതിശയിപ്പിച്ചു..
കൂട്ടിവച്ചാല്‍ കേവുവള്ളംപോലെയുള്ള കൈരേഖകള്‍.
വള്ളങ്ങള്‍ കുറിക്കുന്ന വെള്ളത്തിലെ വരകള്‍പോല്‍...

ഒരിക്കല്‍, വളരെ പണ്ടാണ്, എന്‍റെ കൈരേഖ നോക്കി ഒരാള്‍ പറഞ്ഞു, “മകന്‍ വലിയ രാഷ്ട്രീയക്കാരനാകും.”
നാ‍ലുപേര്‍ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ മുട്ടുവിറയ്ക്കുന്ന ഞാനതുകേട്ട് അന്ന് വളരെ ചിരിച്ചു..
ചിരിച്ചു ചിരിച്ചെന്‍റെ പല്ലുകള്‍ കൊഴിഞ്ഞ ഈ സായഹ്നത്തില്‍, ഞാന്‍ ഒരു രാഷ്ട്രീയക്കാരനോ എന്ന് സംശയം.
അതെ,
ജീവിതത്തില്‍ ഞാനൊന്നുമായില്ല.
ജീവിതം അതിന്‍റെ പൊള്ളത്തരം ഒന്നു കൂടി പൊളിച്ചുകാട്ടി.

ഇന്നെന്‍റെ കൈരേഖകള്‍ കാണാനുള്ള കാഴ്ചയെനിക്കില്ല..
കാഴ്ചകളും വ്യര്‍ത്ഥങ്ങളാണോ...?
കേള്‍വിയും, എല്ലാ വികാരങ്ങളും വ്യര്‍ത്ഥമാണെന്നതോന്നലാണ്- മരണം....

Saturday, December 8, 2007

നിറം മങ്ങുന്ന കാഴ്ചകള്‍

സൌഹൃദത്തിന്‍റെ പൂക്കാലം അസ്തമിക്കുകയാണ്!
ഒരുപക്ഷെ ഇതൊരു തുടക്കമാകും.
ശൂന്യമായ എന്‍റെ നിമിഷങ്ങളെ പ്രകോപിപ്പിക്കാന്‍ ആരുണ്ടാകും. ചിലപ്പോള്‍ ജീവിതം പായുകയാണ്. മറ്റു ചിലപ്പോള്‍ മറിച്ചും. ഈ വേഗത്തിനും സ്ഥായിക്കുമിടയിലിള്ള വികാരത്താല്‍ ഞാന്‍ ആക്രമിക്കപ്പെടുന്നു. മനം മടുപ്പിക്കുന്ന വേഗതകള്‍ക്ക് ചായം പൂശാന്‍ ആരോടാണ് മനം തുറക്കേണ്ടത്..

മനം തുറക്കുകയെന്നാല്‍ ഒരു ആക്രമണമാണ്, സ്വയം മുറിവേല്പിക്കപ്പെടുന്ന ആക്രമണം. അതിന്‍റെ തീവ്രത പിറ്റേദിവസത്തെ ഉറക്കച്ചടവിലാണ് അറിയുക. ഒറ്റപ്പെട്ടു നില്‍ക്കുമ്പോഴേ കൂട്ടം കൂടിചെയ്ത അബധങ്ങളിലേക്ക് കണ്ണുതുറക്കൂ. സഞ്ചരിച്ച വഴികളിലെ വിഡ്ഡിത്തങ്ങളെ അപ്പപ്പോള്‍ അറിയാത്തതെന്തേ..! സ്നേഹിക്കപ്പെടുന്ന പെണ്ണും,കുടിച്ച മദ്യവും ഒരു പോലെയാണ്. ലഹരിയിറങ്ങിയ ശേഷം രണ്ടും വിഡ്ഡിത്തം തന്നെ. എങ്കിലും ആ ലഹരിയില്‍ ഒരാനന്ദമുണ്ട്; അറിയുന്നതു വരെയുള്ള ആനന്ദം.
അറിഞ്ഞു കഴിയുമ്പോള്‍ വിരക്തിയും.
മനസിന്‍റെ വരള്‍ച്ചകൊണ്ടാകാം ഇങ്ങനെയൊക്കെ തോന്നുന്നത്.
വായിക്കാത്ത പുസ്തകങ്ങളുടെ പുറം ചട്ട എത്ര മനോഹരം, വായിച്ചു കഴിയുമ്പോള്‍ പുറം ചട്ട ആര് കാണുന്നു. ജീവിതത്തിന്‍റെ മനോഹാരിതയില്‍ മനം മയങ്ങാന്‍ ഏതിന്‍റെ പുറം ചട്ടയാണ് തുറക്കേണ്ടത്..
സംഗീതത്തീന്‍റെയോ.., ചിത്രമെഴുത്തിന്‍റെയോ...
ഒരു പക്ഷെ ഭ്രാന്തിന്‍റെ പുറം ചട്ട തുറന്നാല്‍ ഇതെല്ലാം അറിയാന്‍ കഴിഞ്ഞേക്കും. ഒരല്പം ഭ്രാന്തില്ലാതെ ഒന്നുമാകാന്‍ കഴിയില്ല..
ഒന്നുകില്‍ ഒന്നും അറിയാതിരിക്കുക, അല്ലെങ്കില്‍ എല്ലാം അറിയുക.
ഈ ത്രിശങ്കുസ്വര്‍ഗ്ഗത്തില്‍നിന്നുമെന്നാണൊരു അവസാനം.......

Friday, December 7, 2007

ഒരു കത്ത്

സുഹൃത്തേ,

“എന്‍റെ ഹൃദയത്തില്‍ നീ അവശേഷിപ്പിച്ച ശൂന്യത ഇനി ഞാന്‍ എന്തു കൊണ്ടു നിറയ്ക്കും...നീ തന്ന ഓര്‍മകളെ അവിടെ ഞന്‍ പുന:ശൃഷ്ടിച്ചു, പിന്നെയും ശൂന്യത ബാക്കി കിടന്നു..”

ഒരു പിന്‍വിളി, പഴയതില്‍ നിന്നും.
അത് കേട്ടില്ലെന്നു നടിക്കാ‍ന്‍ ആര്‍ക്കാവും.
ഓര്‍മകളെ നാം അറിയുന്നതെങ്ങനെയാണ്. ചില പാട്ടുകള്‍ നമ്മെ പഴയ കാലത്തീലേക്ക് കൊണ്ടെത്തിക്കും..ചില നറു മണങ്ങള്‍, ചില കാഴ്ചകള്‍,ചില സൌഹൃദങ്ങള്‍..
അവ സ്വന്തം ഹൃദയത്തിലേക്കുള്ള മടക്കയാത്രകളാണ്.അവയ്ക്കാണ് തീവ്രതയേറുന്നത്..
അങ്ങനെയുള്ള മടക്കയാത്രകളാണ് നിന്‍റെ ഓരോ കത്തുകളും..
ഹൃദയം കൊണ്ടറിഞ്ഞത് ഒരിക്കലും മറവിയിലേക്ക് വഴുതാന്‍ വഴിയില്ല.മറക്കണമെങ്കില്‍ നാം നമ്മെത്തന്നെ മറക്കേണ്ടി വരും.അത് നമ്മുടെ മരണവും.
മരണത്തെപ്പോലൊരു സത്യം മറ്റൊന്നുണ്ടോ....

* * * *
നിനക്കും എനിക്കും ഇടയില്‍ ഒരു ഹൃദയമിടിപ്പിന്‍റെ അകലം മാത്രം.
അങ്ങ് അവിടെ നിന്‍റെ ഹൃദയമിടിക്കുന്നതിന്‍റെ വേഗം ഇവിടെ എനിക്കു കേള്‍ക്കാം...

--- രൂപക്

post scrap cancel

നമ്മളെപ്പറ്റി..

“എന്റെ സൌഹൃദം എനിക്കും എന്റെ സുഹൃത്തിനും ധര്‍മസങ്കടങ്ങള്‍ നല്‍കാനിടവരരുത്...
എന്നെക്കരുതി ഒന്നും വേണ്ടെന്നും വേണമെന്നും വയ്ക്കാനും നിര്‍ബന്ധിതനാകരുത്..
സൌഹൃദം നിബന്ധനകള്‍ക്കതീതമാകണം....“ -രൂപക്


കൂട്ടുകാരെ, ഞാനൊരു പുതിയ ശ്രമത്തിലാണ്..
ഇവിടെ ഞാനും നീയെന്നുമുള്ള സങ്കല്പത്തിനപ്പുറം നമ്മളെന്ന നന്മ നിലനില്‍ക്കട്ടെ.
എന്‍റെ ശ്രമം എത്രത്തോളം സാധ്യമാകുമെന്നറിയില്ല. എങ്കിലും....
ഇത്, വരയെയും വക്കുകളെയും സ്നേഹിച്ച, സൌഹൃദത്തിനായി സ്വയമുരുകിത്തേഞ്ഞ എന്‍റെ സുഹൃത്തിന്... അവനായി വാക്കുകള്‍കൊണ്ട് ഞാന്‍ എങ്ങനെ ഒരു പീഠമൊരുക്കും..?
അവന്‍ തന്ന സ്നേഹവും,നിഷ്കളങ്കതയും അതിനെന്നെ പ്രാപ്തമാക്കട്ടെ....

ഒരുപാട് സ്നേഹത്തോടെ..

സന്തോഷ്