Sunday, December 9, 2007

കൈരേഖകള്‍

കൈരേഖകള്‍-
പരസ്പരം കൂട്ടിമുട്ടാതെ വിറുങ്ങലിച്ചു കിടക്കുന്നു.
വലത്തും ഇടത്തും കൈകളിലെ പാരസ്പര്യം എന്നെ അതിശയിപ്പിച്ചു..
കൂട്ടിവച്ചാല്‍ കേവുവള്ളംപോലെയുള്ള കൈരേഖകള്‍.
വള്ളങ്ങള്‍ കുറിക്കുന്ന വെള്ളത്തിലെ വരകള്‍പോല്‍...

ഒരിക്കല്‍, വളരെ പണ്ടാണ്, എന്‍റെ കൈരേഖ നോക്കി ഒരാള്‍ പറഞ്ഞു, “മകന്‍ വലിയ രാഷ്ട്രീയക്കാരനാകും.”
നാ‍ലുപേര്‍ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ മുട്ടുവിറയ്ക്കുന്ന ഞാനതുകേട്ട് അന്ന് വളരെ ചിരിച്ചു..
ചിരിച്ചു ചിരിച്ചെന്‍റെ പല്ലുകള്‍ കൊഴിഞ്ഞ ഈ സായഹ്നത്തില്‍, ഞാന്‍ ഒരു രാഷ്ട്രീയക്കാരനോ എന്ന് സംശയം.
അതെ,
ജീവിതത്തില്‍ ഞാനൊന്നുമായില്ല.
ജീവിതം അതിന്‍റെ പൊള്ളത്തരം ഒന്നു കൂടി പൊളിച്ചുകാട്ടി.

ഇന്നെന്‍റെ കൈരേഖകള്‍ കാണാനുള്ള കാഴ്ചയെനിക്കില്ല..
കാഴ്ചകളും വ്യര്‍ത്ഥങ്ങളാണോ...?
കേള്‍വിയും, എല്ലാ വികാരങ്ങളും വ്യര്‍ത്ഥമാണെന്നതോന്നലാണ്- മരണം....

No comments: